Friday, February 6, 2009

Third Death of The Year (06/02/09)

ആനയില്ലാതെ നമുക്കു എന്താഘോഷം ???


എറണാകുളത്ത്‌ ആന ഇടഞ്ഞു, സ്‌ത്രീ മരിച്ചു

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തില്‍ ഉത്സവത്തിന്‌ കൊണ്ടുവന്ന ആന എഴുന്നള്ളത്തിനിടെ ഇടഞ്ഞു. അപകടത്തില്‍ ഒരു സ്‌ത്രീ മരിക്കുകയും നിരവധിപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. മരിച്ച സ്‌ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആസ്‌പത്രി, മെഡിക്കല്‍ മിഷന്‍ ആസ്‌പത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്‌.

ഇന്നു രാവിലെയാണ്‌ സംഭവം. എഴുന്നള്ളത്തിന്‌ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആനയാണ്‌ ഇടിഞ്ഞത്‌. മുത്തുക്കുട കണ്ണില്‍ കൊണ്ടതാണ്‌ ആനയെ പ്രകോപിപ്പിച്ചതെന്ന്‌ കരുതുന്നു. ഇടഞ്ഞ ആന രണ്ടുതവണ ക്ഷേത്രത്തിന്‌ ചുറ്റുമോടിയശേഷം പിന്നീട്‌ പുറത്തേയ്‌ക്ക്‌ ഓടുകയായിരുന്നു.

ഇതിനിടെയാണ്‌ പരിഭ്രാന്തരായി ഓടിയവര്‍ക്ക്‌ വീണു പരിക്കേറ്റത്‌. പരിക്കേറ്റവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്‌. ആനയെ പിന്നീട്‌ പാപ്പാന്മാര്‍ ചേര്‍ന്ന്‌ തളച്ചു.

Mathrubhumi

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ്‌ ഒരു സ്‌ത്രീ മരിച്ചു. സാരമായി പരിക്കേറ്റ 18 പേരെ ആസ്‌പത്രികളില്‍ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ എരൂര്‍ മഞ്ഞേലിപ്പാടം ബാലന്റെ ഭാര്യ രാധ(42)യാണ്‌ മരിച്ചത്‌.

കേരളത്തിലെ പേരുകേട്ട ആനകളിലൊന്നായ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണ്‌ ഇടഞ്ഞത്‌. തുമ്പിക്കൈകൊണ്ട്‌ എടുത്തെറിഞ്ഞ്‌ തല തകര്‍ന്നാണ്‌ രാധ മരിച്ചത്‌.

വെള്ളിയാഴ്‌ച രാവിലെ 10.30ന്‌, അടുത്തുനിന്നിരുന്ന ആനയുടെ മുകളില്‍ പിടിച്ചിരുന്ന കുട, രാമചന്ദ്രന്റെ കാഴ്‌ചയില്ലാത്ത വലതുകണ്ണിന്റെ ഭാഗത്ത്‌ കൊണ്ടതാണ്‌ പ്രശ്‌നമായത്‌. പനമ്പട്ട ഇട്ടുകൊടുത്തപ്പോള്‍, പട്ടയുടെ കൂര്‍ത്തഭാഗം ആനയുടെ നഖത്തിനിടയില്‍ കൊണ്ടു. തുടര്‍ന്ന്‌ ആന പിന്നിലേക്ക്‌ വലിഞ്ഞപ്പോള്‍ ഉണ്ടായ തിങ്ങലില്‍, കൂട്ടാനയുടെ മുകളില്‍ പിടിച്ചിരുന്ന കുടയുടെ ഭാഗം രാമചന്ദ്രന്റെ വലതുകണ്ണിനടുത്ത്‌ കൊണ്ടു. മുന്നോട്ടുചാടിയ ആന തോട്ടിയിട്ടു വലിച്ച പാപ്പാനേയുംകൊണ്ട്‌ നീങ്ങി. മുന്നില്‍ക്കണ്ട സ്‌ത്രീയെ തുമ്പിക്കൈകൊണ്ട്‌ മുകളിലേക്ക്‌ വലിച്ചെറിഞ്ഞു. മറ്റൊരു സ്‌ത്രീയെ കുത്താന്‍ ആഞ്ഞെങ്കിലും കൊമ്പുകള്‍ക്കിടയില്‍ പെട്ടതിനാല്‍ രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വീണ ഒരു സ്‌ത്രീയ്‌ക്ക്‌ ആനയുടെ ചവിട്ടേറ്റു.

സുബ്രഹ്മണ്യക്ഷേത്രത്തിന്‌ അടുത്തെത്തിയപ്പോഴേക്കും ആനയെ തോട്ടികൊണ്ട്‌ നിയന്ത്രിക്കാന്‍ പാപ്പാന്‌ കഴിഞ്ഞു. ആനയെ ഉടനെ എറണാകുളത്തപ്പന്‍ മൈതാനത്തേക്ക്‌ മാറ്റി. പരിക്കേറ്റവരെ ഉടന്‍ ആംബുലന്‍സില്‍ ആസ്‌പത്രികളിലേക്ക്‌ കൊണ്ടുപോയി. തിക്കിലും തിരക്കിലും പെട്ടും നിലത്തുവീണ്‌ ചവിട്ടേറ്റുമാണ്‌ കൂടുതല്‍ പേര്‍ക്കും പരിക്ക്‌.

ആന ഇടഞ്ഞപ്പോള്‍ മുകളില്‍ ഉണ്ടായിരുന്ന നാലുപേര്‍ താഴേക്ക്‌ ചാടി. ശീവേലിത്തിടമ്പ്‌ താഴെ വീണു. തിടമ്പ്‌ പിടിച്ചിരുന്ന അജിമൂസി(49)ന്‌ വീണ്‌ കൈക്ക്‌ പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രവേശിപ്പിച്ചിട്ടുള്ള തങ്കം (68) പാലാരിവട്ടം, നന്ദിനി (59) പോണോത്ത്‌റോഡ്‌, ഗീതാ സിദ്ധന്‍ (47) ഷിപ്പിയാര്‍ഡ്‌ ഗേറ്റ്‌ എന്നിവരുടെ നില ഗുരുതരമാണ്‌.

നന്ദിത (19) കുമ്പളം, കമലാദേവി (59) എടത്തല, രാധാമണി (52) റെയില്‍വേ ക്വാര്‍ട്ടേഴ്‌സ്‌ എറണാകുളം എന്നിവരാണ്‌ മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലുള്ള മറ്റുള്ളവര്‍.

മോഹനന്‍ (55) അയ്യപ്പന്‍കാവ്‌, രുക്‌മിണി അമ്മ (63) തൃപ്പൂണിത്തുറ, കേരളവര്‍മ്മ തമ്പുരാന്‍ (70) ദിവാന്‍സ്‌ റോഡ്‌, സന്തോഷ്‌ (36) കമ്പിവേലിക്കകത്ത്‌ കാക്കനാട്‌, കോമളവല്ലി കൈപ്പട്ടൂര്‍ (60), ഷീല (42) പനമ്പിള്ളി നഗര്‍ കൈരളി അപ്പാര്‍ട്ട്‌മെന്റ്‌സ്‌, രാധ ആലുവ, കൊല്‍ക്കത്ത സ്വദേശികളായ തപതി ചക്രവര്‍ത്തി, മകന്‍ ഇന്ദ്രനീല്‍ ചക്രവര്‍ത്തി എന്നിവരാണ്‌ എറണാകുളം ജനറല്‍ ആസ്‌പത്രിയില്‍ ചികിത്സയിലുള്ളത്‌. കെ.ജി. വാര്യര്‍ (85), എന്‍. ഭാസ്‌കരമേനോന്‍ റോഡ്‌, പത്മ സദാശിവന്‍ (47) അമൃതാഫ്‌ളാറ്റ്‌ കാരിക്കാമുറി എന്നിവരെ എറണാകുളം ലക്ഷ്‌മി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കു പുറമെ രണ്ടു മേളക്കാര്‍ അടക്കം നിരവധിപ്പേര്‍ ആസ്‌പത്രികളില്‍ പ്രാഥമികചികിത്സ തേടി.

മന്ത്രി എസ്‌. ശര്‍മയും ജില്ലാ കളക്ടര്‍ ഡോ. എം. ബീനയും ജനറല്‍ ആസ്‌പത്രി സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ്‌ വഹിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എസ്‌. ശര്‍മ്മ അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച രാധയുടെ കുടുംബത്തിന്‌ കൊച്ചി ദേവസ്വം ബോര്‍ഡ്‌ ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. രാധയുടെ മക്കള്‍: രമ (നഴ്‌സ്‌, ഷറഫ്‌ ആസ്‌പത്രി), രതീഷ്‌.


Metrovaartha

എറണാകുളം ശിവക്ഷേത്രോത്സവ എഴുന്നള്ളിപ്പിനിടെ ഭഗവാന്റെ തിടമ്പേറ്റിയ ആന തൊഴാനെത്തിയ സ്ത്രീയെ തട്ടിയെറിഞ്ഞു. ഇവര്‍ തല്‍ക്ഷണം മരിച്ചു. അമ്പതു വയസുവരുന്ന തമിഴ്‌നാട്ടുകാരിയാണു മരിച്ചതെന്നു കരുതുന്നു.
ശിവക്ഷേത്രമതില്‍ക്കകത്തെ അയ്യപ്പന്‍കോവിലില്‍ ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. നൂറുകണക്കിനാളുകള്‍ ഈ സമയത്തു ക്ഷേത്രത്തിലുണ്ടായിരുന്നു. നിരവധിപേര്‍ക്കു പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ഹോസ്പിറ്റലിലും ലക്ഷ്മി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരില്‍ നിരവധി അന്യസംസ്ഥാനക്കാരുമുണ്ട്‌.
ആറാട്ടിനു തിടമ്പേറ്റാന്‍ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. ഇന്നു വൈകിട്ടാണ്‌ ആറാട്ട്‌. രാവിലത്തെ എഴുന്നള്ളിപ്പിനിടെ തിടമ്പെടുക്കാനായി ആന മുന്നോട്ടാഞ്ഞപ്പോള്‍ ഇടഞ്ഞതാണെന്നു തെറ്റിദ്ധരിച്ചു ജനങ്ങള്‍ ബഹളംവയ്ക്കുകയും നാലുപാടും ഓടുകയുമായിരുന്നു. ആനയുടെ മുകളിലിരുന്നയാള്‍ പിടിച്ചിരുന്ന കുടയുടെ കാല്‍ ആനയുടെ മര്‍മസ്ഥാനത്തു കൊണ്ടെന്നു പറയുന്നു. ഇതെത്തുടര്‍ന്നു പരിഭ്രാന്തനായ ആന മുന്നില്‍ക്കണ്ടതെല്ലാം നശിപ്പിക്കുകയായിരുന്നെന്നു ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ആനയെ ക്ഷേത്രമതിലിനു പുറത്തുകൊണ്ടുവന്നു തളച്ചു. ആനയ്ക്കു മദപ്പാടൊന്നുമില്ലെന്നാണു പൊലീസ്‌ വ്യക്തമാക്കിയത്‌. എന്നാല്‍ വൈകിട്ട്‌ ആറാട്ടെഴുന്നെള്ളിപ്പില്‍ നിന്നു രാമചന്ദ്രനെ ഒഴിവാക്കി. കേരളത്തില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനകളിലൊന്നാണു തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. പകരം ആരു തിടമ്പേറ്റുമെന്നു തീരുമാനിച്ചിട്ടില്ല. ജില്ലാ കലക്റ്റര്‍ ഡോ. എം. ബീന ആശുപത്രിയിലും ക്ഷേത്രത്തിലുമെത്തി. സിറ്റി പൊലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ പി.എം. വര്‍ഗീസ്‌, സിഐ ജി. വേണു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സ്‌ സംഘവും എത്തിയിരുന്നു.
ദിവാന്‍സ്‌ റോഡിലെ കേരളവര്‍മ തമ്പുരാന്‍(75), ആലുവ സ്വദേശി രാധ, പനമ്പിള്ളി നഗര്‍ സ്വദേശി സീത, തൃപ്പൂണിത്തുറ വടക്കേകോട്ട സ്വദേശി രുക്മിണിയമ്മ(63), കൊല്‍ക്കൊത്ത സ്വദേശി തപതി ചക്രവര്‍ത്തി(45), ഇന്ദ്രനീല്‍ ചക്രവര്‍ത്തി(22), കൈപ്പട്ടൂര്‍ സ്വദേശി കോമളവല്ലി(60), കാക്കനാട്‌ കമ്പിവേലിക്കര സന്തോഷ്‌(30), അയ്യപ്പന്‍കാവ്‌ സ്വദേശി മോഹനന്‍(55) എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അബോധാവസ്ഥയിലുള്ള രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ല. ലക്ഷ്മി ഹോസ്പിറ്റലില്‍ അഞ്ചുപേര്‍ ചികിത്സയിലുണ്ട്‌.



No comments:

Post a Comment