Thursday, January 29, 2009

Elephant Created Problems due to Intense Torture

Mathrubhumi (29/01/09)
ഇടഞ്ഞ ആന രണ്ടുമണിക്കൂര്‍ ജനത്തെ വിരട്ടി

കൊല്ലം:തിടമ്പും പൂജാരിയും പുറത്തിരിക്കേ കൊമ്പന്‍ ഇടഞ്ഞു. അടുത്തുനിന്ന ആനയെ കുത്തിമുറിവേല്‌പിച്ചു. ക്ഷേത്രവളപ്പിലെ മൂന്നു തെങ്ങുകള്‍ കുത്തിമറിച്ചു. മിനിബസ്സിന്റെ ചില്ല്‌ അടിച്ചുടച്ചു. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ഗേറ്റും തകര്‍ത്തു. രണ്ടുമണിക്കൂര്‍ പ്രദേശത്തെ കിടിലംകൊള്ളിച്ച ആന ഒടുവില്‍ ഉടമ എത്തിയപ്പോള്‍ വരുതിയിലായി. രക്ഷപ്പെട്ടെന്ന്‌ വിശ്വസിക്കാനാവാതെ പൂജാരി ആനപ്പുറത്തുനിന്ന്‌ ജീവിതത്തിലേക്കിറങ്ങി. പാപ്പാനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

രാമന്‍കുളങ്ങര പടിഞ്ഞാറേകാവ്‌ ഗംഗാദേവീക്ഷേത്രത്തില്‍ (കൊച്ചുനട) ബുധനാഴ്‌ച വൈകിട്ടാണ്‌ സംഭവം. വെള്ളിമണ്‍ സ്വദേശി ഓമനക്കുട്ടന്റെ ഗണപതിയെന്ന ആനയാണ്‌ ഇടഞ്ഞത്‌. ശക്തികുളങ്ങര ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ പൂജാരി തിരുമുല്ലവാരം മുണ്ടഴികത്ത്‌ മഠത്തില്‍ പ്രസാദാ (22)ണ്‌ ആനപ്പുറത്തുനിന്ന്‌ പോറല്‍പോലുമേ'ാതെ രക്ഷപ്പെട്ടത്‌. പാപ്പാന്‍ പത്തനംതിട്ട സ്വദേശി അച്ചന്‍കുഞ്ഞാ (42)ണ്‌ പോലീസ്‌ കസ്റ്റഡിയിലായത്‌.

ക്ഷേത്രത്തില്‍ ഒമ്പതുദിവസമായി നടന്ന ഉത്സവത്തിന്റെ സമാപനമായിരുന്നു ബുധനാഴ്‌ച. തിടമ്പെഴുന്നള്ളത്തിനായി സമീപത്തുള്ള മണലില്‍ ക്ഷേത്രത്തിലേക്ക്‌ പോകാന്‍ മറ്റു രണ്ടാനകള്‍ക്കൊപ്പം തയ്യറായി നില്‍ക്കുമ്പോഴാണ്‌ ഗണപതി ഇടഞ്ഞത്‌. ഉച്ചമുതല്‍ ആനയെ ഉപദ്രവിക്കുകയായിരുന്ന പാപ്പാനോടുള്ള ദേഷ്യം മൂലമായിരുന്നു ഇതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാപ്പാനെ ലക്ഷ്യംവച്ച്‌ മുന്നോട്ടാഞ്ഞ ആന ക്ഷേത്രത്തിന്റെ ഗേറ്റ്‌ തകര്‍ത്തു. പിന്നീടാണ്‌ അക്രമം തുടങ്ങിയത്‌. ഇതോടെ ജനം വിരണ്ടു. സംഭവമറിഞ്ഞ്‌ അഗ്നിശമനസേനയും ശക്തികുളങ്ങരയില്‍നിന്ന്‌ പോലീസും കുതിച്ചെത്തിയെങ്കിലും ഒന്നും ചെയ്യാനയില്ല. തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാനും പോലീസ്‌ പാടുപെട്ടു. ആറരയോടെ എലിഫെന്റ്‌ സ്‌ക്വാഡ്‌ സ്ഥലത്തെത്തി. മയക്കുവെടി വയ്‌ക്കാന്‍ ആലോചിച്ചെങ്കിലും പുറത്ത്‌ ആളിരിക്കുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഏഴരയോടെ ഉടമ ഓമനക്കുട്ടന്‍ എത്തി പഴക്കുല നല്‍കിയതോടെയാണ്‌ ഗണപതി ശാന്തനായത്‌. നൊടിയിടയില്‍ ആനയെ തളയ്‌ക്കുകയും ചെയ്‌തു. ആനപ്പുറത്തുനിന്ന്‌ ഇറങ്ങിയ പ്രസാദിനെ ജനം അഭിനന്ദനം കൊണ്ടുമൂടി.




No comments:

Post a Comment